Month: മെയ് 2021

സ്‌നേഹം പിന്തുടരുന്നു

ഇംഗ്ലീഷ് കവി ഫ്രാന്‍സിസ് തോംസണ്‍ എഴുതിയ 'ദി ഹോണ്ട് ഓഫ് ഹെവന്‍' എന്ന പ്രസിദ്ധമായ കവിത ആരംഭിക്കുന്നത് 'ഞാന്‍ അവനെ വിട്ട് ഓടി, രാത്രികളിലും പകലുകളിലും ഓടിയകന്നു'' എന്നീ വരികളിലൂടെയാണ്. ദൈവത്തില്‍നിന്ന് ഒളിച്ചിരിക്കാനോ ഒളിച്ചോടാനോ ഉള്ള തന്റെ പരിശ്രമത്തിന്റെ നടുവിലും, യേശു വിടാതെ പിന്തുടര്‍ന്നതിനെക്കുറിച്ചു തോംസണ്‍ വിവരിക്കുന്നു. കവി ഉപസംഹരിക്കുന്നു, ''അങ്ങ് അന്വേഷിക്കുന്നവന്‍ ഞാനാണ്!''

ദൈവത്തിന്റെ പിന്തുടരുന്ന ഈ സ്‌നേഹമാണ് യോനായുടെ പുസ്തകത്തിന്റെ കേന്ദ്രവിഷയം. നീനെവേയിലെ ജനങ്ങളോടു (യിസ്രായേലിന്റെ ശത്രുക്കള്‍) ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയാനുള്ള ഒരു ദൈവികനിയോഗം പ്രവാചകനു ലഭിച്ചു. എങ്കിലും നിനെവേയിലേക്കു പോകുന്നതിനു പകരം, ''യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്ക് ഓടിപ്പോയി'' (യോനാ 1:3). നീനെവേയുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഒരു കപ്പലില്‍ യാത്രചെയ്യാന്‍ അവന്‍ ഒരു സീറ്റ് കരസ്ഥമാക്കി. പക്ഷേ കപ്പല്‍ അക്രമാസക്തമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടു. കപ്പലിലെ ജോലിക്കാരെ രക്ഷിക്കാനായി, അവര്‍ യോനായെ കടലിലേക്ക് എറിയുകയും അവനെ ഒരു വലിയ മത്സ്യം വിഴുങ്ങുകയും ചെയ്തു (1:15-17).

ദൈവത്തില്‍ നിന്ന് ഒളിച്ചോടാന്‍ എത്ര ശ്രമിച്ചിട്ടും ദൈവം തന്നെ പിന്തുടര്‍ന്നുവെന്നു യോനാ തന്റെ മനോഹരമായ കവിതയില്‍ വിശദീകരിച്ചു. യോനാ തന്റെ അവസ്ഥയില്‍ തളര്‍ന്നു. ആ അവസ്ഥയില്‍നിന്നു രക്ഷപ്പെടേണ്ടുന്ന ആവശ്യം വന്നു. അപ്പോള്‍ യോനാ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു നിലവിളിക്കുകയും അവിടുത്തെ സ്‌നേഹത്തിലേക്കു തിരിയുകയും ചെയ്തു (2:2, 8). ദൈവം ഉത്തരം നല്‍കി, യോനായ്ക്കു മാത്രമല്ല, അശ്ശൂര്യരായ ശത്രുക്കള്‍ക്കും രക്ഷ നല്‍കി (3:10).

രണ്ടു കവിതകളിലും വിവരിച്ചിരിക്കുന്നതുപോലെ, നാം ദൈവത്തില്‍നിന്ന് ഓടാന്‍ ശ്രമിക്കുന്ന സമയങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാം. അപ്പോഴും യേശു നമ്മെ സ്‌നേഹിക്കുകയും യേശുവുമായുള്ള പുനഃസ്ഥാപിതബന്ധത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു (1 യോഹന്നാന്‍ 1:9).

കുറ്റബോധവും ക്ഷമയും

ഹ്യൂമന്‍ യൂണിവേഴ്‌സല്‍സ് എന്ന തന്റെ പുസ്തകത്തില്‍, നരവംശശാസ്ത്രജ്ഞന്‍ ഡൊണാള്‍ഡ് ബ്രൗണ്‍, മനുഷ്യകുലത്തിനു പൊതുവായിട്ടുള്ളതെന്നു താന്‍ കരുതുന്ന നാനൂറിലധികം പെരുമാറ്റങ്ങളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍, തമാശകള്‍, നൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍, പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത, വസ്തുക്കള്‍ കയറുകൊണ്ടു കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു! അതുപോലെ, എല്ലാ സംസ്‌കാരങ്ങള്‍ക്കും ശരിയും തെറ്റും സംബന്ധിച്ച സങ്കല്പങ്ങള്‍ ഉണ്ടെന്നും, ഔദാര്യത്തെ ആളുകള്‍ പ്രശംസിക്കുന്നുവെന്നും വാഗ്ദാനങ്ങള്‍ വിലമതിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ നീചത്വം, കൊലപാതകം തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണെന്നും മനസ്സിലാക്കുന്നു. നാം എവിടെ നിന്നുള്ളവരായാലും, നമുക്കെല്ലാവര്‍ക്കും മനഃസാക്ഷി ഉണ്ട്.

അപ്പൊസ്തലനായ പൗലൊസ് നൂറ്റാണ്ടുകള്‍ക്കു മുമ്പു സമാനമായ ഒരു കാര്യം പറഞ്ഞു. തെറ്റില്‍നിന്നു ശരിയെ വേര്‍തിരിക്കാന്‍ ദൈവം യെഹൂദജനതയ്ക്കു പത്തു കല്പനകള്‍ നല്‍കിയപ്പോള്‍, വിജാതീയര്‍ക്ക് അവരുടെ മനഃസാക്ഷിയെ അനുസരിക്കുന്നതിലൂടെ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയിട്ടുണ്ടെന്നു പൗലൊസ് വ്യക്തമാക്കി (റോമര്‍ 2:14-15). എന്നാല്‍ അതിനര്‍ത്ഥം ആളുകള്‍ എപ്പോഴും ശരിയായതു ചെയ്തു എന്നല്ല. വിജാതീയര്‍ തങ്ങളുടെ മനഃസാക്ഷിക്കെതിരെ മത്സരിച്ചു (1:32), യെഹൂദന്മാര്‍ ന്യായപ്രമാണം ലംഘിച്ചു (2:17-24), അങ്ങനെ ഇരുവരും കുറ്റക്കാരായി. എന്നാല്‍ യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവം നമ്മുടെ എല്ലാ നിയമലംഘനങ്ങളുടെയും മരണശിക്ഷ നീക്കംചെയ്യുന്നു (3:23-26; 6:23).

ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധത്തോടെയാണു ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് എന്നതുകൊണ്ട്, നാം ചെയ്ത ഒരു മോശമായ കാര്യത്തെക്കുറിച്ചോ അല്ലെങ്കില്‍ ചെയ്യാന്‍ പരാജയപ്പെട്ട ഒരു നല്ല കാര്യത്തെക്കുറിച്ചോ നമുക്ക് ഓരോരുത്തര്‍ക്കും കുറച്ചു കുറ്റബോധം തോന്നും. നാം ആ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം ഒരു വൈറ്റ്‌ബോര്‍ഡ് തുടച്ചു വൃത്തിയാക്കുന്നതുപോലെ ആ കുറ്റബോധത്തെ തുടച്ചുനീക്കുന്നു. നാം ചെയ്യേണ്ടത് അവനോടു ചോദിക്കുക മാത്രമാണ് - നാം ആരായാലും നാം എവിടെ നിന്നുള്ളവരായാലും.

തിളങ്ങുന്ന നക്ഷത്രങ്ങള്‍

എനിക്കു കണ്ണുകള്‍ അടച്ചുകൊണ്ട് ഞാന്‍ വളര്‍ന്ന വീട്ടിലേക്കു തിരികെ പോകാന്‍ കഴിയും. ഞാന്‍ എന്റെ പിതാവിനോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തിയത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ബൈനോക്കുലര്‍ ഞങ്ങള്‍ മാറിമാറി ഉപയോഗിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന കൊച്ചുകൊച്ചു പൊട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ചൂടും തീയും ആയി ജനിച്ച ഈ പ്രകാശത്തിന്റെ പൊട്ടുകള്‍ മിനുസമാര്‍ന്ന, മഷിക്കറുപ്പുള്ള ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ടു നിന്നു.

നിങ്ങളെത്തന്നെ ഒരു തിളങ്ങുന്ന നക്ഷത്രമായി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ സംസാരിക്കുന്നത് മനുഷ്യനേട്ടത്തിന്റെ ഉയരങ്ങളിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് തകര്‍ച്ചയുടെയും തിന്മയുടെയും ഇരുണ്ട പശ്ചാത്തലത്തിനെതിരെ നില്‍ക്കുന്നതിനെക്കുറിച്ചാണ്. “അവര്‍ ജീവന്റെ വചനം പ്രമാണിക്കുകയും'' പിറുപിറുപ്പും തര്‍ക്കവും ഒഴിവാക്കുകയും ചെയ്താല്‍ ദൈവം അവരിലും അവരിലൂടെയും പ്രകാശിക്കുമെന്ന് അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളോടു പറഞ്ഞു (ഫിലിപ്പിയര്‍ 2:14-16).

മറ്റ് വിശ്വാസികളുമായുള്ള നമ്മുടെ ഐക്യവും ദൈവത്തോടുള്ള വിശ്വസ്തതയും നമ്മെ ലോകത്തില്‍നിന്ന് അകറ്റുന്നു. ഇവ സ്വാഭാവികമായി വരുന്നില്ല എന്നതാണ് പ്രശ്‌നം. പ്രലോഭനങ്ങളെ മറികടക്കാന്‍ നാം നിരന്തരം പരിശ്രമിക്കുന്നതിനാല്‍, ദൈവവുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ കഴിയും. നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടാന്‍ നാം സ്വാര്‍ത്ഥതയ്‌ക്കെതിരെ പോരാടുന്നു.

എന്നിട്ടും പ്രത്യാശയ്ക്കു വകയുണ്ട്. ഓരോ വിശ്വാസിയിലും ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവ് സ്വയനിയന്ത്രണമുള്ളവരും ദയയുള്ളവരും വിശ്വസ്തരുമായിരിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു (ഗലാത്യര്‍ 5:22-23). നമ്മുടെ സ്വാഭാവിക ശേഷിക്ക് അപ്പുറത്തേക്കു ജീവിക്കാന്‍ നമ്മെ വിളിച്ചിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അമാനുഷിക സഹായം ഇതു സാധ്യമാക്കുന്നു (ഫിലിപ്പിയര്‍ 2:13). ഓരോ വിശ്വാസിയും ആത്മാവിന്റെ ശക്തിയാല്‍ ഒരു 'തിളങ്ങുന്ന നക്ഷത്രം' ആയിത്തീര്‍ന്നാല്‍, ദൈവത്തിന്റെ വെളിച്ചം നമുക്കു ചുറ്റുമുള്ള അന്ധകാരത്തെ എങ്ങനെ അകറ്റുമെന്നു ചിന്തിക്കുക!

അകത്തേക്കു സ്വീകരിക്കപ്പെട്ടു

എന്റെ പ്രായംചെന്ന നായ, എന്റെ അരികിലിരുന്ന് ആകാശത്തേക്ക് ഉറ്റുനോക്കുമായിരുന്നു. എന്തായിരിക്കും അവള്‍ ചിന്തിച്ചിരുന്നത്? ഞാന്‍. അവളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയാവുന്ന ഒരു കാര്യം, അവള്‍ മരണത്തെക്കുറിച്ചായിരുന്നില്ല ചിന്തിച്ചിരുന്നത് എന്നതാണ്. കാരണം നായ്ക്കള്‍ക്ക് “അറിവില്ല.'' അവ ഭാവി കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. പക്ഷേ നാം ചിന്തിക്കുന്നു. നമ്മുടെ പ്രായമോ ആരോഗ്യമോ സമ്പത്തോ എന്തുതന്നെയായിരുന്നാലും, ചിലപ്പോഴൊക്കെ മരിക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കാറുണ്ട്. അതിനു കാരണം, സങ്കീര്‍ത്തനം 49:20 അനുസരിച്ച് മൃഗങ്ങളില്‍നിന്നു വ്യത്യസ്തമായി, നമുക്ക് 'അറിവുണ്ട്.' നാം മരിക്കുമെന്നു നമുക്കറിയാം, അതിനെക്കുറിച്ചു നമുക്ക് ഒന്നും ചെയ്യാനാകില്ല. “അവനെ വീെണ്ടടുക്കുവാനോ ദൈവത്തിനു വീെണ്ടടുപ്പുവില കൊടുക്കുവാനോ ആര്‍ക്കും കഴിയുകയില്ല’’ (വാ. 7). ശവക്കുഴിയില്‍ നിന്നു സ്വയം വാങ്ങാന്‍ ആര്‍ക്കും മതിയായ പണമില്ല.

എന്നാല്‍ മരണത്തിന്റെ അന്തിമാവസ്ഥയില്‍ നിന്നു രക്ഷപെടാന്‍ ഒരു വഴിയുണ്ട്: “എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീെണ്ടടുക്കും’’ എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. 'അവന്‍ എന്നെ കൈക്കൊള്ളും'' (“അവിടുന്ന് എന്നെ തന്നിലേക്കു എടുക്കും’’ എന്ന് അക്ഷരീയാര്‍ത്ഥം). റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞു, നിങ്ങള്‍ അവിടെ പോകേണ്ടിവരുമ്പോള്‍, അവര്‍ നിങ്ങളെ അകത്തേക്കു കൊണ്ടുപോകേണ്ടുന്ന സ്ഥലമാണു വീട്. ''എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത'' തന്റെ പുത്രനിലൂടെ ദൈവം നമ്മെ മരണത്തില്‍നിന്നു വീണ്ടെടുത്തു (1 തിമൊ. 2:6). അങ്ങനെ നമ്മുടെ സമയം വരുമ്പോള്‍ അവിടുന്നു നമ്മെ അഭിവാദ്യം ചെയ്യുകയും നമ്മെ അകത്തേക്കു സ്വീകരിക്കുകയും ചെയ്യുമെന്ന് യേശു വാഗ്ദത്തം ചെയ്തു (യോഹന്നാന്‍ 14:3).

എന്റെ സമയം വരുമ്പോള്‍, എന്റെ ജീവിതത്തിന്റെ വില ദൈവത്തിനു നല്‍കിയ യേശു, നീട്ടിയ കൈകളുമായി  എന്നെ പിതാവിന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യും.

സമൃദ്ധിയായ ജലം

കഠിനമായ വരള്‍ച്ചയുടെയും ചൂടിന്റെയും തീയുടെയും 'കദന കഥയാണ്' റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്. വളരെക്കുറവു മാത്രം മഴ ലഭിച്ച, ഉണങ്ങിവരണ്ട പാടത്തെ തീപടരാന്‍ സഹായിക്കുന്ന ഇന്ധനമാക്കി മാറ്റിയ ഭയാനകമായ ഒരു വര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടു വിവരിച്ചു. മത്സ്യങ്ങള്‍ ചത്തു. ആളിപ്പടര്‍ന്ന അഗ്നി നാട്ടിന്‍പുറങ്ങളെ ചാമ്പലാക്കി. മത്സ്യങ്ങള്‍ ചത്തു. കൃഷി പരാജയപ്പെട്ടു. എല്ലാം സംഭവിച്ചത് നമ്മള്‍ പലപ്പോഴും നിസ്സാരമായി എടുക്കുന്ന ലളിതമായ ഒന്ന് (വെള്ളം) അവര്‍ക്കില്ലായിരുന്നു. നമുക്കെല്ലാവര്‍ക്കും ജീവിക്കാന്‍ അതാവശ്യമാണ്.

യിസ്രായേലിനും ഭയപ്പെടുത്തുന്ന ആ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. പൊടി നിറഞ്ഞതും തരിശായതുമായ മരുഭൂമിയില്‍ ആളുകള്‍ പാളയമടിച്ചിരിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന ഈ വരികള്‍ നാം വായിക്കുന്നുു: “അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു’’ (പുറപ്പാട് 17:1). ജനങ്ങള്‍ ഭയപ്പെട്ടു. അവരുടെ തൊണ്ട വരണ്ടു. മണല്‍ അവരെ പൊള്ളിച്ചു. അവരുടെ മക്കള്‍ക്കു ദാഹിച്ചു. പരിഭ്രാന്തരായ ആളുകള്‍ വെള്ളം ആവശ്യപ്പെട്ട് “മോശെയോടു കലഹിച്ചു’’ (വാ. 2). എന്നാല്‍ മോശയ്ക്ക് എന്തു ചെയ്യാന്‍ കഴിയും? മോശെക്കു ദൈവത്തിങ്കലേക്കു ചെല്ലാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.

ദൈവം മോശയ്ക്കു വിചിത്രമായ ഒരു നിര്‍ദ്ദേശം നല്‍കി: “വടിയും കൈയില്‍ എടുത്തു ... കടന്നുപോകുക.... നീ പാറയെ അടിക്കണം; ഉടനെ ജനത്തിനു കുടിക്കുവാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും'' (വാ. 5-6). മോശെ പാറയെ അടിച്ചു, ഒരു നദി ഒഴുകി, ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കും സമൃദ്ധിയായി ജലം ലഭിച്ചു. തങ്ങളുടെ ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് ആ ദിവസം യിസ്രായേല്‍ അറിഞ്ഞു. അവരുടെ ദൈവം സമൃദ്ധമായ വെള്ളം നല്‍കി.

നിങ്ങള്‍ ജീവിതത്തില്‍ വരള്‍ച്ചയോ മരുഭൂമിയുടെ അനുഭവമോ അനുഭവിക്കുകയാണെങ്കില്‍, ദൈവം അതിനെക്കുറിച്ച് ബോധവാനാണെന്നും അവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും മനസ്സിലാക്കുക. നിങ്ങളുടെ ആവശ്യം എന്തുതന്നെയായാലും, നിങ്ങളുടെ ഇല്ലായ്മ എന്തുതന്നെയായാലും, അവന്റെ സമൃദ്ധമായ ജലത്തില്‍ നിങ്ങള്‍ പ്രത്യാശയും ഉന്മേഷവും കണ്ടെത്തും.